26.3 C
Kollam
Wednesday 22nd July, 2026 | 11:57:08 PM
Home News Kerala മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ മൂന്നംഗ സംഘം പിടിയിലായി

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ മൂന്നംഗ സംഘം പിടിയിലായി

കൊല്ലം: പ്രാദേശിക മേല്‍വിലാസങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ മൂന്നംഗ സംഘം പിടിയിലായി.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി രമ്യ (27), ഇവരുടെ സുഹൃത്തായ ചിറയിന്‍കീഴ് സ്വദേശി ‘ഗോള്‍ഡന്‍ സജിത്ത്’ എന്ന സജിത്ത് (30), കണ്ണനല്ലൂര്‍ സ്വദേശി ഷമീര്‍ (32) എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതികളായ ഇവര്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ അല്‍ത്താഫിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ സമാന കേസില്‍ ജാമ്യത്തിലിറങ്ങിയ രമ്യയുടെ നേതൃത്വത്തിലാണ് വീണ്ടും തട്ടിപ്പ് ആസൂത്രണം ചെയ്തത്. ചിതറ, കടയ്ക്കല്‍ മേഖലകളിലെ നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. തട്ടിപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന ധനകാര്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മേല്‍വിലാസം ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുകയാണ് ഇവരുടെ ആദ്യ പടി. തുടര്‍ന്ന് ഈ വിലാസത്തില്‍ സ്വര്‍ണം പണയം വെക്കാന്‍ എത്തും.
കഴിഞ്ഞദിവസം സജിത്ത് ചിതറയിലെ ഒരു സ്ഥാപനത്തില്‍ പണയം വെക്കാനെത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ചിതറയില്‍ വീടുപണി നടക്കുന്നതിനാലാണ് സ്വര്‍ണം പണയപ്പെടുത്തുന്നതെന്ന് സജിത്ത് പറഞ്ഞപ്പോള്‍, കൊട്ടാരക്കരയിലാണ് വീടുപണിയെന്നാണ് ഒപ്പമുണ്ടായിരുന്ന രമ്യ പറഞ്ഞത്. ഇവരുടെ മൊഴികളിലെ പരസ്പരവിരുദ്ധത ശ്രദ്ധിച്ച സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.