Home News Breaking News സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല; ധവള പത്രത്തിലെ ശുപാർശകളെല്ലാം അംഗീകരിച്ചേക്കില്ല

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല; ധവള പത്രത്തിലെ ശുപാർശകളെല്ലാം അംഗീകരിച്ചേക്കില്ല

Advertisement

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല. പെൻഷൻ പ്രായം കൂട്ടിയാൽ വിരമിക്കൽ ആനുകൂല്യത്തിൽ വർഷം ആറായിരം കോടി രൂപ ലാഭിക്കാനാകുമെന്നാണ് ധവളപത്രം പറയുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതിലൂടെ സ്ഥിരമായ ലാഭം ഉണ്ടാകുന്നില്ല. എപ്പോൾ വിരമിച്ചാലും ആനുകൂല്യം നൽകണമെന്നിരിക്കെ ചെലവ് താൽക്കാലികമായി വൈകിപ്പിക്കാൻ മാത്രമേ ഇതിലൂടെ സാധിക്കൂവെന്ന വിലയിരുത്തലിലാണ് സർക്കാർ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിലാണ് പെൻഷൻ പ്രായം 58 ആക്കണമെന്ന ശുപാർശ മുന്നോട്ട് വച്ചത്.

ശമ്പളപരിഷ്‌കരണം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന ശുപാർശ അംഗീകരിക്കാനാണ് സാദ്ധ്യത. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ശമ്പളവർദ്ധനയിലൂടെയുണ്ടാകുന്ന ബാദ്ധ്യത കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. പകരം ക്ഷാമബത്ത കുടിശികയില്ലാതെ ക്രമപ്പെടുത്തുന്നതിനായിരിക്കും മുൻഗണന നൽകുന്നത്. രണ്ടുശതമാനം ക്ഷാമബത്ത ഇപ്പോൾ കുടിശികയുണ്ട്. ഈ മാസം 19ന് യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന പുതുക്കിയ ബ‌ഡ്‌ജറ്റിൽ ഈ തുക അനുവദിക്കും. നേരത്തെ അനുവദിച്ച ക്ഷാമബത്താ ഗഡുക്കളുടെ മുൻകാല പ്രാബല്യം അനുസരിച്ചുള്ള കുടിശിക നൽകിയിട്ടില്ല. ഇതും ഘട്ടംഘട്ടമായി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

ജീവനക്കാർക്ക് 21,670 കോടിയും പെൻഷൻകാർക്ക് 14,387 കോടിയുമാണ് ഇത്തരത്തിൽ നൽകേണ്ടത്.അതേസമയം, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനം ഉടൻ അറിയാം. കെഎസ്ആർടിസി നൽകിയ റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്തതിനു ശേഷം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കാൻ വിട്ടു. പദ്ധതി ഏതുരീതിയിൽ നടപ്പിലാക്കണമെന്നും എന്തെങ്കിലും മാനദണ്ഡങ്ങൾ വേണമോ എന്നതിലുൾപ്പെടെ അന്തിമ തീരുമാനം ഇനി മുഖ്യമന്ത്രിയുടേതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here