27.2 C
Kollam
Saturday 18th July, 2026 | 03:12:37 PM
Home News Breaking News കാറിനുള്ളിൽ ചോരപ്പാടുകൾ, വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ

കാറിനുള്ളിൽ ചോരപ്പാടുകൾ, വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ

കണ്ണൂർ :പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ചോര ഒഴുകി കട്ടപിടിച്ച പാടുകളും, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. കെ.എൽ-58 AN-2059 നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള കാറാണ് കണ്ടെത്തിയത്. സംഭവത്തിൽ വലിയ ദുരൂഹതയുള്ളതിനാൽ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കാർ മലപ്പുറം പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് പിലാത്തറയിൽ എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.

കാറിനകത്തെ സീറ്റുകളും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണ്ണമായും അഴിച്ചുമാറ്റിയോ അല്ലെങ്കിൽ തകർത്തോ പരിശോധിച്ച നിലയിലാണ് കാണപ്പെടുന്നത്. വണ്ടിയിലുണ്ടായിരുന്ന ബാഗുകൾ, തുണികൾ, കവറുകൾ എന്നിവയെല്ലാം കാറിന്റെ പുറത്ത് വശങ്ങളിലായി ചിതറിക്കിടക്കുകയാണ്. വണ്ടിയുടെ ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലാണ്. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള തിരച്ചിൽ നടന്നിട്ടുണ്ടോ അതോ മറ്റെന്തെങ്കിലും അതിക്രമം നടന്നിട്ടാണോ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോലീസ് ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.