ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറുമായി മുങ്ങിയ പ്രതി പിടിയിൽ. ചെങ്ങന്നൂർ മുളക്കുഴ അരീക്കര മംഗലത്ത് വീട്ടിൽ രഞ്ജിത്ത് (42) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ എത്തിയ യുവതി ക്ഷേത്രത്തിന് മുന്നിൽ സ്കൂട്ടർ പാർക്കുചെയ്തശേഷം ദർശനത്തിനായി അകത്തേയ്ക്ക് കയറി. ഈ സമയം പ്രതി സ്കൂട്ടറുമായി മുങ്ങുകയായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ വാഹനം കാണാത്തതിനെ തുടർന്ന് യുവതി ആറന്മുള പൊലീസിൽ പരാചി നൽകുകയായിരുന്നു.
അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസിന്റെ ഡേറ്റാബേസിലുണ്ടായിരുന്ന പ്രതിയുടെ ചിത്രം തിരിച്ചറിയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടോടെ കിടങ്ങന്നൂർ ഭാഗത്തുനിന്ന് സ്കൂട്ടറിൽ പ്രതി സഞ്ചരിച്ചുവരുന്നതായി മനസ്സിലാക്കിയ പൊലീസ് നാൽക്കാലിക്കലിൽ വാഹനം തടയുകയായിരുന്നു. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് സ്കൂട്ടറുമായി റോഡിൽ തെന്നിവീണു. തുടർന്ന് പ്രതിയെയും മോഷണമുതലായ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെങ്ങന്നൂർ, പന്തളം, ആറന്മുള, അടൂർ, കിളിമാനൂർ തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണക്കേസിൽ പ്രതിയാണ് രഞ്ജിത്ത് എന്ന് പോലീസ് പറഞ്ഞു. കോടതി ഇയാളെ റിമാൻഡുചെയ്തു.






























