തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. നേമത്തിനും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ അര മണിക്കൂറിലധികമായി തുടരുന്ന ശക്തമായ മഴയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുൻപിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതോടെ മലിനജലം റോഡുകളിലേക്ക് ഒഴുകിയെത്തിയത് പരിസരവാസികൾക്ക് വലിയ ദുരിതമായി. രൂക്ഷമായ ദുർഗന്ധം കാരണം നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കോർപ്പറേഷന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയെന്ന ആക്ഷേപവും ശക്തമാണ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെത്തുടർന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ അടക്കമുള്ള ദുരന്തസാധ്യതകളും കണക്കിലെടുത്ത്, കാലവർഷത്തിന് മുന്നോടിയായുള്ള മുൻകരുതൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നതതല യോഗത്തിൽ നിർദ്ദേശം നൽകി.

































