തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്റികൾ ഉൾപ്പെട്ടേക്കും. റദ്ദാക്കിയ സിൽവര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതിൽ ആകാംക്ഷ. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നി ആയിരിക്കും പ്രസംഗം.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ,വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.




































