തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഇന്നലെ രാവിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 മണിയോടെ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘർഷമുണ്ടായത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും ഏറ്റുമുട്ടി. പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്ഐ പ്രവർത്തകർ സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തിൽ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
സംഘർഷം അവസാനിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. അക്രമാസക്തരായ എസ്എഫ്ഐ പ്രവർത്തകർ സർക്കാർ വാഹനത്തിന്റെ (KL01 BK 8721) മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും പതിനായിരം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന് എഫ്ഐആർ പറയുന്നു. ഈ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ ആദർശ്, നന്ദൻ, സംഗീത്, ആദിത്യ ശങ്കർ എന്നിവരടക്കം പത്ത് പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 50 ഓളം പേർക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കണ്ടോൺമെന്റ് പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടോൺമെന്റ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ പരാതിയിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആകെയുള്ള 37 സീറ്റുകളിൽ 35 എണ്ണവും തൂത്തുവാരിയാണ് എസ്.എഫ്.ഐ കേരള സർവകലാശാലാ യൂണിയൻ ഭരണം നിലനിർത്തിയത്. എസ്.എഫ്.ഐയുടെ ശിവ എസ്. പുതിയ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിയനിൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് കെ.എസ്.യുവിന് നേടാനായത്. മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ കെ.എസ്.യു സ്ഥാനാർത്ഥി ഫാത്തിമ ഫർഹ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെ.എസ്.യു സ്വന്തമാക്കി. വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞെന്നും പൊലീസിന്റെ വാഹനം ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.






























