27.3 C
Kollam
Tuesday 25th August, 2026 | 01:16:34 PM
Home News Breaking News മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളും ജയിലേക്ക്

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളും ജയിലേക്ക്

കണ്ണൂര്‍. മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളും ജയിലേക്ക്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ നീങ്ങിയതോടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. കോടതിയുടേത് പ്രതികാര നടപടിയാണെന്ന് പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു.


മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ തുടങ്ങിയിട്ട് ഏഴാം ദിവസമായിരുന്നു ഇന്ന്. ഷുഹൈബിന്റെ സുഹൃത്തുക്കളും പ്രധാന സാക്ഷികളുമായ മൂന്ന് പേരുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി, സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. എന്നാൽ രണ്ടും മൂന്നും സാക്ഷികളുടെ ക്രോസിന് അഭിഭാഷകർ തയ്യാറായില്ല. വിചാരണക്കോടതി മാറ്റാൻ അപേക്ഷ നൽകിയെന്നും ക്രോസ് വിസ്താരത്തിനില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. പ്രതികൾക്കും ഈ നിലപാട് തന്നെയാണോയെന്ന് കോടതിയുടെ ചോദ്യം. അതെയെന്ന് മറുപടി. ഉടൻ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം.

കോടതി മാറ്റം എന്ന ആവശ്യം വിചാരണ നീട്ടിക്കൊണ്ടു പോകാൻ ആണെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് വാദം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരട്ടെയെന്ന് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ഉത്തരവിട്ടു. എന്നാൽ കോടതിയുടേത് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് പ്രതിഭാഗം. ക്രോസ് വിസ്താരത്തിനിടെ ജഡ്ജ് സാക്ഷികളെ സഹായിച്ചെന്നും നീതിപൂർവമായ വിചാരണ നടക്കില്ലെന്ന ബോധ്യത്തിലാണ് കോടതി മാറ്റം ആവശ്യപ്പെട്ടതെന്നും അഭിഭാഷകർ വ്യക്തമാക്കി.