27.5 C
Kollam
Sunday 20th September, 2026 | 02:58:48 AM
Home News Breaking News പത്മജയ്ക്ക് പരാജയത്തിൽ ഹാട്രിക്ക്

പത്മജയ്ക്ക് പരാജയത്തിൽ ഹാട്രിക്ക്

തൃശൂർ: ലീഡർ കെ. കരുണാകരന്റെ തട്ടകമായ തൃശൂരിൽ മകൾ പത്മജ വേണുഗോപാലിന് വീണ്ടും പരാജയത്തിൽ ഹാട്രിക്ക്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം 32,559 വോട്ടുകളുമായി രാജൻ പല്ലൻ ഒന്നാം സ്ഥാനത്താണ്.

രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ 19,569 വോട്ടുകൾ നേടിയപ്പോൾ, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പത്മജ വേണുഗോപാലിന് 19,140 വോട്ടുകൾ മാത്രമാണ് നേടാനായത്. ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ 13,419 വോട്ടുകൾക്ക് പിന്നിലാണ് പത്മജ.

ഇത് മൂന്നാം തവണയാണ് പത്മജ വേണുഗോപാൽ തൃശൂർ മണ്ഡലത്തിൽ പരാജയപ്പെടുന്നത്. 2016-ൽ വി.എസ്. സുനിൽ കുമാറിനോടും 2021-ൽ പി. ബാലചന്ദ്രനോടും പരാജയപ്പെട്ടത് കോൺഗ്രസ് ടിക്കറ്റിലായിരുന്നെങ്കിൽ, ഇത്തവണ ബിജെപി പാളയത്തിൽ നിന്നാണ് പത്മജ തോൽവി ഏറ്റുവാങ്ങുന്നത്. 2021-ൽ വെറും 946 വോട്ടുകൾക്ക് തോറ്റ മണ്ഡലത്തിലാണ് ഇത്തവണ വലിയ വോട്ട് ചോർച്ച ബിജെപി നേരിടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താൻ രാജൻ പല്ലന് സാധിച്ചുവെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.