തിരുവനന്തപുരം: ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി നെടുമങ്ങാട് അരുവിക്കര പാണ്ടിയോട് കുന്നിൽവീട്ടിൽ ആദിത്യനെ (19) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുകയാണെന്ന് കുടുംബം പരാതിപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിക്കാത്ത ആദിത്യനെ, വ്യാജആരോപണം ഉന്നയിച്ച് കുടുക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
ആദിത്യന് അപകടം സംഭവിച്ചു എന്ന് മാത്രമേ കോളേജിൽനിന്ന് അറിയിച്ചുള്ളൂവെന്ന് സഹോദരൻ ദേവൻ പറഞ്ഞു. സന്ദീപ് പാണ്ഡെ എന്ന അധ്യാപകനിൽനിന്ന് ആദിത്യൻ കടുത്ത മാനസിക പീഡനം നേരിട്ടു. കോളേജിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ആദിത്യനെ നിരന്തരം ചോദ്യം ചെയ്തു. ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്ന് പറഞ്ഞില്ലെങ്കിൽ ആദിത്യനെ കുടുക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തി. സന്ദീപ് പാണ്ഡെയിൽനിന്ന് സമാനമായ പീഡനം നേരിട്ടതിനെ തുടർന്ന് പഠനംനിർത്തിപ്പോയ മറ്റൊരു വിദ്യാർഥി തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ദേവൻ പറഞ്ഞു. മരണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് പുറത്ത് പറയാതിരിക്കാൻ ആദിത്യന്റെ സഹപാഠികളുടെ ഫോൺ വാങ്ങിവെച്ചു എന്നും ആരോപണമുണ്ട്.
മരണവിവരമറിഞ്ഞ് ബംഗളൂരുവിൽ എത്തിയ കുടുംബാംഗങ്ങളോട് ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്നാണ് കോളേജ് അധികൃതർ പറഞ്ഞത്. എന്നാൽ അത് വിശ്വാസ്യയോഗ്യമായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ കുടുംബത്തിന്റെ പരാതി സ്വീകരിക്കാൻ ഹെബ്ബാഗോടി പൊലീസ് ആദ്യം വിമുഖതകാട്ടി. അഭിഭാഷകൻ വഴി ബന്ധപ്പെട്ടപ്പോൾ മാത്രമാണ് പരാതി സ്വീകരിച്ചതെന്നും മറ്റ് തുടർനടപടികൾ പൊലീസ് നടത്തുന്നില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണ് കോളേജ്.
ബംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിയായ ആദിത്യനെ കഴിഞ്ഞദിവസമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഇൗയിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായ ഉഴമലയ്ക്കൽ സ്വദേശി നിധിൻരാജിന്റെ സമീപപ്രദേശത്താണ് ആദിത്യന്റെയും വീട്.
ബുധൻ ഉച്ചയോടെയാണ് ആദിത്യൻ മരിച്ചതെന്ന് ഹോസ്റ്റൽ അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഹോസ്റ്റലിനോട് ചേർന്നുള്ള ചെറിയ മുറിയിൽ മറ്റൊരു വിദ്യാർഥിയാണ് ആദിത്യന്റെ മൃതദേഹം കണ്ടത്. നാല് വിദ്യാർഥികളോടൊപ്പം ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന ആദിത്യൻ ഇതിന് സമീപത്തെ ചെറിയ മുറിയിൽ എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിയുടെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
പെയിന്റിങ് തൊഴിലാളി എസ് പ്രദീപ് കുമാറിന്റെയും (ബിജു) വി അശ്വതിയുടെയും മകനാണ്. ഇന്ന് രാവിലെ കാച്ചാണി കളത്തുകാലിലുളള വീട്ടിലെത്തിച്ച ആദിത്യന് അന്തിമോപചാരമർപ്പിക്കാൻ വൻ ജനക്കൂട്ടമാണെത്തിയത്.





































