26.4 C
Kollam
Wednesday 29th July, 2026 | 01:22:59 AM
Home News Kerala സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്നതിനിടെ, വര്‍ക്കലയില്‍ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവെ വെണ്‍കുളം സ്വദേശി ഷൈന്‍ ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 18ാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ചികിത്സയില്‍ കഴിയവേയാണ് മരണം.
അതേസമയം, പാലക്കാടും കണ്ണൂരിലുമായി രണ്ടുപേര്‍ക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ജില്ലയില്‍ ദീക്ഷിതി(12)നും കണ്ണൂരില്‍ കാഞ്ഞിരക്കൊല്ലിയില്‍ കൊട്ടാടിക്കവല സ്വദേശി അബിന്‍ ജോസിനുമാണ് സൂര്യാതപമേറ്റത്. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ സെല്‍ഷ്യസ് താപനില ഉയരാനാണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് തോത് രേഖപ്പെടുത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, കനത്തചൂടിന് ആശ്വാസമായി നാളെ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.