27 C
Kollam
Saturday 12th September, 2026 | 08:42:10 AM
Home News National യുവതിയുടെ മൃതദേഹം ഫ്‌ലാറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹം ഫ്‌ലാറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹം ഫ്‌ലാറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അഴുകിത്തുടങ്ങിയ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂജ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് ചോരയില്‍ കുളിച്ച്, നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. മുറിക്കുള്ളില്‍ പേപ്പറുകള്‍ കീറിപ്പറിഞ്ഞ നിലയില്‍ ചിതറിക്കിടക്കുകയായിരുന്നു. ഫ്‌ലാറ്റിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ഏപ്രില്‍ 23-നാണ് പൂജയെ അവസാനമായി പുറത്തുകണ്ടതെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.

വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാല്‍ ആത്മഹത്യയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ ഇവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതേ ഫ്‌ലാറ്റിലാണ് താമസം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.