29.6 C
Kollam
Saturday 12th September, 2026 | 11:31:42 AM
Home News Breaking News കൊല്ലത്ത് മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലത്ത് മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശി സരിത (37) ആണ് മരിച്ചത്.
ഇന്ന് രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍. ജോലിചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ ഇവര്‍ സമീപത്തെ മരച്ചുവട്ടില്‍ അഭയം പ്രാപിച്ചു. ഈ സമയത്ത് വീശിയടിച്ച കാറ്റില്‍ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു.
അപകടം നടന്ന ഉടനെ നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്ന് സരിതയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.