ന്യൂഡെല്‍ഹി.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി അറിചിച്ച് AICC. കെപിസിസി താക്കീത് നൽകിയിട്ടും പല നേതാക്കളും അഭിപ്രായപ്രകടനം നടത്തുന്നത് ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത അച്ചടക്കലംഘനമായി കരുതി നടപടി സ്വീകരിക്കാൻ KPCC യ്ക്ക് AICC നിർദേശം നൽകി
( വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിനം മുതൽ തുടങ്ങിയതാണ് കോൺഗ്രസിലെ മുഖ്യമന്ത്രി കസേര ചർച്ച. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ആയി ചേരി തിരിഞ്ഞുനിന്ന് പരസ്പരം പോരടിച്ചു അവരെ പിന്തുണയ്ക്കുന്ന നേതാക്കളും അണികളും. കുറച്ചുകൂടി കടന്ന് സൈബർ ഇടങ്ങളിൽ വ്യക്തി അധിക്ഷേപങ്ങൾ ഉണ്ടായി. അധിക്ഷേപ പോസ്റ്റുകൾ ഇറക്കാൻ വാട്സ്ആപ്പ് കൂട്ടായ്മകൾ വരെ രൂപീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന നേതാക്കൾ ആകട്ടെ വീഡിയോകളും പോഡ്കാസ്റ്റ് സീരിസുകളും സ്വയം എഴുതിയ ബുക്കുകളും കൊണ്ട് സൈബറിടം നിറഞ്ഞു.
ഇതിനെല്ലാം ഒടുവിൽ കഴിഞ്ഞദിവസം കെപിസിസി കർശന നിർദേശം നൽകി അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകി. എന്നിട്ടും പല മുതിർന്ന നേതാക്കളും പരസ്യ പ്രസ്താവനക്ക് കടിഞ്ഞാൺ ഇട്ടില്ല. ഇതിലാണ് AICC ഇപ്പോൾ അതൃപ്തി അറിയിച്ചിരികുന്നത്.
നേതാക്കൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഹൈക്കമാന്റിന് നേരിട്ട് ഇടപെടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പരസ്യപ്രസ്താവന തുടർന്നാൽ വിശദീകരണം ചോദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് ദീപാ ദാസ് മുൻഷി വഴി നിർദേശം താഴെത്തട്ടിലേക്ക് എത്തിച്ചു. ഇനിയുള്ള 5 നാളിലെങ്കിലും ഈ നിർദേശം നേതാക്കളും അണികളും പാലിക്കുമോ എന്ന് കണ്ടറിയണം.



































