രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും ഇറങ്ങേണ്ട സ്റ്റോപില്‍ ഇറക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ. മലപ്പുറം ഉപഭോക്തൃ കമ്മിഷന്റേതാണ് ഉത്തരവ്. തോട്ടശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്റെ പരാതിയിലാണ് നടപടി. തൃശൂരിലെ ആമ്പല്ലൂരില്‍ നിന്നും മലപ്പുറത്തെ കൊളപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്.
ബസില്‍ കയറിയ ശേഷമാണ് ഇരിക്കാന്‍ സീറ്റില്ലെന്ന് സൈനുദ്ദീന്‍ തിരിച്ചറിഞ്ഞത്. തനിക്ക് സുഖമില്ലെന്നും ദീര്‍ഘനേരം നില്‍ക്കാന്‍ കഴിയില്ലെന്നും കണ്ടക്ടറോട് സൈനുദ്ദീന്‍ പറഞ്ഞതോടെ തൃശൂരെത്തുമ്പോള്‍ സീറ്റ് കിട്ടുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ഇതോടെ സൈനുദ്ദീന്‍ കൊളപ്പുറത്തേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു. തൃശൂരെത്തിയപ്പോള്‍ ചില സീറ്റുകള്‍ ഒഴിയുകയും സൈനുദ്ദീന്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍ സീറ്റ് താന്‍ റിസര്‍വ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു യാത്രക്കാരന്‍ എത്തിയതോടെ കൊളപ്പുറം എത്തുന്നത് വരെ സൈനുദ്ദീന്‍ നിന്ന് യാത്ര ചെയ്യേണ്ടി വന്നു. ഒടുവില്‍ കക്കാട് എത്തിയപ്പോള്‍ ഇറങ്ങണമെന്ന് സൈനുദ്ദീന്‍ അറിയിച്ചുവെങ്കിലും സര്‍വീസ് റോഡിലേക്ക് കയറാതെ ബസ് പോകുകയായിരുന്നു. ഒടുവില്‍ കൂരിയാട് ഇറക്കി ബസ് യാത്ര തുടരുകയായിരുന്നു.
ദുരനുഭവത്തെ തുടര്‍ന്ന് സൈനുദ്ദീന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പില്ലെന്ന വിവരമോ, സൈനുദ്ദീന്‍ ഇരുന്ന സീറ്റ് റിസര്‍വേഷനുള്ളതാണെന്നോ അറിയിക്കുന്നതില്‍ കണ്ടക്ടര്‍ക്ക് വീഴ്ച പറ്റിയെന്നും കൃത്യമായ സ്റ്റോപില്‍ ഇറക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്നും കമ്മിഷന്‍ കണ്ടെത്തി. ഇതോടെയാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ. മോഹന്‍ദാസ്, അംഗങ്ങളായ പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ കെഎസ്ആര്‍ടിസിക്ക് പിഴ വിധിച്ചത്. 25000 രൂപ സൈനുദ്ദീന് നഷ്ടപരിഹാരമായും അയ്യായിരം രൂപ നിയമ നടപടികള്‍ക്ക് ചെലവായതിലേക്കും 45 ദിവസത്തിനകം നല്‍കണമെന്നാണ് വിധി. നിശ്ചിത തീയതിക്കകം പണം നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശ സഹിതം നല്‍കേണ്ടി വരുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.






























