സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചാലും അതികഠിന ചൂട് കുറയില്ല.
39 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യൻസ് വരെ ചൂട് ഉയർന്നേക്കാം.
ഇന്നും പാലക്കാട് ജില്ലയിൽ ഉയർന്ന താപനിലയായ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ താപനില ശരാശരിയേക്കാൾ 2 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
വേനൽ മഴ നൽകിയത് താൽക്കാലിക ആശ്വാസം മാത്രമാണ്.വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ട്.പാലക്കാട് ജില്ലയിൽ അഞ്ചാം തവണയും 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ആണ് താപനില.കോട്ടയം തൃശ്ശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയർന്നേക്കാം എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.മഹാരാഷ്ട്രയ്ക്ക് മുകളിൽ രൂപപ്പെട്ട ആൻ്റി സൈക്ലോൺ സംസ്ഥാനത്ത് ചുട് ഉയരാൻ കാരണമായിട്ടുണ്ട്. എന്നാൽ വേനൽ മഴയുടെ കുറവാണ് പ്രധാന കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു. മാർച്ച് 1 മുതൽ ഏപ്രിൽ 19 വരെയുള്ള കണക്കനുസരിച്ച് വേനൽ മഴയിൽ 38 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. 95.6 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ലഭിച്ചതാകട്ടെ 59 മില്ലിമീറ്ററും. കഴിഞ്ഞ വർഷം ഈ സമയം 42% അധികമഴ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഇക്കുറി അധികമഴ ലഭിച്ചത്. ബുധനാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.



































