Home News Breaking News പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍തീപിടിത്തം

പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍തീപിടിത്തം

Advertisement

ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍തീപിടിത്തം. രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നാളത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിവെച്ചു. സംഭവത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (എച്ച്.പി.സി.എല്‍) രാജസ്ഥാന്‍ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും ആഭ്യന്തര ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടും ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഈ റിഫൈനറി ഒരു നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, കാര്‍ഷിക പൈപ്പുകള്‍, പാക്കേജിങ് ഫിലിംസ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, സിന്തറ്റിക് ഫൈബറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പെയിന്റ്, ഡിറ്റര്‍ജന്റ് പോലുള്ള രാസവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉത്പന്നങ്ങളുടെ വ്യവസായത്തിന് സംസ്ഥാനത്ത് വഴിയൊരുക്കാനുദ്ദേശിച്ചാണ് ഈ റിഫൈനറി സ്ഥാപിച്ചത്.

Advertisement