തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വളരുന്നത് വലിയ അവമതിപ്പും എതിരാളികള്‍ക്ക് ആയുധവുമാകുമെന്ന വിലയിരുത്തല്‍. ഘടകകക്ഷികളും കോണ്‍ഗ്രസിലെ സാമാന്യ വിഭാഗവും ഇതിലുള്ള അതൃപ്തി അറിയിച്ചു കഴിഞ്ഞു. അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ് ശക്തമായി രംഗത്തിറങ്ങും. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ലീഗിന്റെ മുന്നറിയിപ്പ്.
സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ടു ശാക്തിക ചേരികള്‍ ഏറ്റുമുട്ടുമെന്നും കേന്ദ്രത്തില്‍ നിന്നും ഒത്തു തീര്‍പ്പിനായി മറ്റൊരു നേതാവ് അവതരിക്കുമെന്നുമുള്ള അഭ്യൂഹം വലിയ തോതില്‍പ്രചരിക്കപ്പെട്ടുകഴിഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തിന് അടി നടക്കുമെന്ന ഒരൊറ്റ ആയുധം വച്ചായിരുന്നു ഇത്തവണ ഇടതുപക്ഷം കോണ്‍ഗ്രസിനെതിരെ പോരാടിയത്.
‘മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം ഉണ്ടെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, ലീഗ് ഇതില്‍ അതൃപ്തരാണ്, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പുറത്തു വരുന്ന സംഭവങ്ങളില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും അതില്‍ ആശങ്കയുണ്ട്, ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായ വിധിയാണ് നല്‍കിയിട്ടുള്ളതെന്നും’ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും അണികള്‍ തമ്മില്‍ മുഖ്യമന്ത്രി പദവിയെ ചൊല്ലി പരസ്യമായി പോരടിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ ഇടപെടല്‍. മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങളുടെ നേതാക്കളാണ് യോഗ്യരെന്ന വാദങ്ങള്‍ ഉയര്‍ത്തിയാണ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പ്പോര് തുടരുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചെത്താവുന്ന എംഎല്‍എമാരുടെ പിന്തുണ നേടുന്നതിനുള്ള നീക്കങ്ങള്‍ ഇരു നേതാക്കളുടെ ഭാഗത്തുനിന്നും ഇതിനകം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാകുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത്തരം നീക്കങ്ങള്‍ വോട്ടര്‍മാരുടെ മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്നതാണെന്നാണ് ലീഗിന്റെ നിലപാട്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍, തങ്ങള്‍ തങ്ങളുടെ വഴി തെരഞ്ഞെടുക്കുമെന്ന് നിലപാട് ലീഗില്‍ ചിലര്‍ ഉയര്‍ത്തുന്നു. വൈകാതെ ഈ വികാരം പരസ്യമായേക്കാം. ‘ഇത് ഇനി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമല്ല. ഇത് യുഡിഎഫിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന വിഷയമാണ്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ബെന്നി ബെഹ്നാന്‍, കെസി ജോസഫ്, കെ മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നേതാക്കള്‍ക്കിടയിലെ ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അതൃപ്തി അതത് നേതാക്കളെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസിലെ ഇത്തരം തെറ്റായ പ്രവണത ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ബെന്നി ബഹന്നാന്‍ കത്തയച്ചിട്ടുണ്ട്.
ജാതി മത ഗ്രൂപ്പുകള്‍ക്ക് വശംവദരാകാതെ ജനത്തിന് ഉപകാരപ്രദമായ പ്രത്യേകിച്ച് ഇടതു സര്‍ക്കാര്‍ സൃഷ്ടിച്ച കെടുതികളില്‍നിന്നും മോചനം നല്‍കുന്ന ഒരു സര്‍ക്കാര്‍ വരണമെന്നാണ് കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ഇത്തരം വടംവലികള്‍ ഭരണം തന്നെ കൈമോശം വരുത്തുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.





































