കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണം: ജീവൻ ഒടുക്കിയ വിധികർത്താവ് ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന്.. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിന് പിന്നാലെ ജീവൻ ഒടുക്കിയ വിധികർത്താവ് ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വിഷം ഉള്ളിൽ ചെന്നുള്ള മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് 6.45 ഓടെ കണ്ണൂരിലെ വീട്ടിലാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുറിയിൽ കയറിയ ഷാജി പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് പതിനൊന്നിന് വീട്ടിൽ എത്തിയ ഷാജി മനപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. 
അതേസമയം ജീവനൊടുക്കിയ ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത. ഷാജിയുടെ മുഖത്ത് കരുവാളിച്ച പാടുണ്ടായിരുന്നു. വിവാദസംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ഷാജിയുടെ സഹോദരന്‍ അനില്‍ കുമാര്‍ ആരോപിച്ചു.
മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചിരുന്നു. എന്നാല്‍ ഷാജി അതിന് വഴങ്ങാന്‍ തയ്യാറായില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞിരുന്നു. ഷാജിയെ കുടുക്കിയത് ചില സുഹൃത്തുക്കളാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എത്തിയതിനു ശേഷം അസ്വസ്ഥനായിട്ടാണ് ഷാജിയെ കണ്ടതെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

Advertisement