ബാങ്ക് ജപ്തി നടപടികൾക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത വീട്ടമ്മക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുടിശിക ഇല്ല

ഇടുക്കി. നെടുങ്കണ്ടത്ത് ബാങ്ക് ജപ്തി നടപടികൾക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം, സംഭവത്തിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. മരണപ്പെട്ട ഷീബ ദിലീപിന് കുടിശ്ശിക ഉണ്ടായിരുന്നില്ലെന്നും മറ്റൊരു വായ്പക്കാരൻ എടുത്ത തുകയുടെ നടപടിയാണ് ഉണ്ടായതെന്നുമാണ് വിശദീകരണം. അതേസമയം വീട്ടമ്മയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാണ്.

2015 ൽ ഷീബാ ദിലീപ് ഇപ്പോൾ താമസിച്ചിരുന്ന വീടിൻറെ ആധാരം പണയപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്കിൻറെ നെടുങ്കണ്ടം ശാഖയിൽ നിന്ന് 25 ലക്ഷം രൂപ ലോൺ എടുത്തിരുന്ന. 2018ൽ ഇത് കുടിശ്ശി ആയതോടെ ബാങ്ക് ജപ്തി നടപടി ആരംഭിച്ചു. എന്നാൽ ഈ കാലയളവിൽ വായ്പക്കാരൻ വീടും സ്ഥലവും ഷീബയ്ക്കും കുടുംബത്തിനും കൈമാറി. ബാങ്ക് വായ്പക്ക് ഈട് നൽകിയ ആധാരപ്രകാരം വസ്തു ഇപ്പോഴും മറ്റൊരാളുടെ പേരിലാണ്. ഷീബയ്ക്ക് ബാങ്കുമായി പണ ഇടപാടുകളില്ല എന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിൻറെ വിശദീകരണം.

2023 ൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകാൻ കോടതി, അഡ്വക്കേറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. കമ്മീഷണറുടെ നേതൃത്വത്തിൽ ജപ്തി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു വീട്ടമ്മ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് വീട്ടമ്മ മരിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്വകാര്യ ബാങ്കിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മരിച്ച ഷീബയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും

Advertisement