കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതോടെ നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Advertisement

തിരുവനന്തപുരം. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതോടെ നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. 52 വയസ്സുകാരനായ സോമസാഗരമാണ് മരിച്ചത് . മകളുടെ വിവാഹ ആവശ്യത്തിന് നിക്ഷേപിച്ച തുക ആവശ്യപ്പെട്ടു പലതവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും കിട്ടിയില്ലെന്നു ബന്ധുക്കൾ. കടം കൊടുത്ത പണം തിരികെ കിട്ടാത്തത് ആണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്നു പെരുമ്പഴുതൂർ സഹകരണ ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം.

കൂലിപ്പണിക്ക് പോയും കൃഷിയിലൂടെയും ആണ് സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. മകളുടെ വിവാഹം, വീടിൻറെ നവീകരണം ഇതായിരുന്നു സ്വപ്നം. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കിൽ കയറിയിറങ്ങി. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിഞ്ഞു. ഇതിലെ മനോവിഷമം ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ 19 ആം തീയതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സോമശേഖരം ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. കോൺഗ്രസിനാണ് ബാങ്ക് ഭരണം. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.കടം നൽകിയ പണം തിരികെ കിട്ടാത്തത് കൊണ്ടാണ് നിക്ഷേപകർക്ക് പണം നൽകാൻ കഴിയാത്തത് എന്നാണ് ബാങ്കിന്റെ വിശദീകരണം.കൂടുതൽ നിക്ഷേപകർ തുക തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടുണ്ട്.

Advertisement