നമ്മുടെ മോള് പോയി അജുവേ, ഞാൻ കൊന്നു; നിർണായകമായത് ശിൽപ അയച്ച സന്ദേശം

ഷൊർണ്ണൂർ:

മാവേലിക്കരയിൽ ഒരു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി പാലക്കാട് ഷൊർണൂരിൽ എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ നിർണായകമായത് എസ് എം എസ് സന്ദേശം. മാവേലിക്കര സ്വദേശി ശിൽപയാണ് തന്റെ ഒരു വയസ് മാത്രം പ്രായമുള്ള മകൾ ശിഖന്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ശിൽപ തന്റെ പങ്കാളി അജ്മലിന് വിവരം എസ് എം എസ് വഴി അറിയിച്ചിരുന്നു.

മോള് മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ…., വിളിക്ക്, നമ്മുടെ മോള് പോയി അജുവേ, മോൾ പോയി എന്നാണ് ശിൽപ അജ്മലിന് അയച്ച സന്ദേശം. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് ശിൽപയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടക വീട്ടിൽ വെച്ചാണ് കുട്ടിയെ കൊന്നത്. ഇതിന് ശേഷം വാടകക്ക് എടുത്ത കാറുമായി മൃതദേഹവുമേന്തി പങ്കാളിയായ അജ്മൽ ജോലി ചെയ്യുന്ന ഷൊർണൂരിലെ തീയറ്ററിലെത്തി. രാവിലെ ഒമ്പതരയോടെ കുഞ്ഞിനെ നിലത്ത് വെച്ച് ശിൽപ ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ അജ്മലാണ് പോലീസിനെ വിളിച്ചത്.
കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. കുട്ടി മണിക്കൂറുകൾക്ക് മുമ്പേ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതോടെ പോലീസ് ശിൽപയെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിലാണ് ശിൽപ കുറ്റസമ്മതം നടത്തിയത്. ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി

Advertisement