‘പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം, അതിവേഗ നിയമനവുമായി പിഎസ്‌സി’; 247 അസി. സർജന്മാർക്ക് കൂടി നിയമന ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിൽ അതിവേഗ നിയമനവുമായി പിഎസ്‌സി. 247 അസിസ്റ്റന്റ് സർജന്മാർക്ക് കൂടി നിയമന ശുപാർശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതോടെ 2021 മാർച്ചിൽ നിലവിൽ വന്ന അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ നിന്ന് ആകെ അയച്ച നിയമന ശുപാർശകളുടെ എണ്ണം 610 ആയി. 30 പേർക്ക് കൂടി ഈ തസ്തികയിലേക്ക് ഉടൻ നിയമനം നൽകുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.

മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം-25, കൊല്ലം-29, കോന്നി-37, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-43, ഇടുക്കി-50, തൃശൂർ-7, മഞ്ചേരി-15, കോഴിക്കോട്-9, കണ്ണൂർ-31, കാസർഗോഡ്-1 എന്നിങ്ങനെ മെഡിക്കൽ കോളേജുകളിലും അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ മൂന്ന് അധ്യാപക തസ്തികകളും സൃഷ്ടിച്ചു. കോന്നി-1, ഇടുക്കി-1, അറ്റെൽക്-6 എന്നിങ്ങനെ അനധ്യാപക തസ്തികകളും സൃഷ്ടിച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Advertisement