സിനിമ ഇല്ല…. ഗതാഗതം മാത്രം…. മന്ത്രിയായി ഗണേഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിയുക്ത മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
നടന്‍ കൂടിയായ ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം പരിഗണിച്ചത്. രണ്ടര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആന്റണി രാജുവിനു പകരം ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും അഹമ്മദ് ദേവര്‍കോവിലിനു പകരം കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ വകുപ്പും കൈകാര്യം ചെയ്യാനാണ് എല്‍ഡിഎഫില്‍ തുടക്കത്തില്‍ ഉണ്ടായ ധാരണ. ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ തീരുമാനം. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇന്നു വൈകിട്ട് ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Advertisement