വിദേശ പാൽപ്പൊടി കുടിച്ചല്ല പിണറായി വളർന്നത്; രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്നും ഇപി ജയരാജൻ

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയുടെയും ആർഎസ്എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇപി ജയരാജൻ പരിഹസിച്ചു. രാഹുലിന് പക്വതയില്ല. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണം.

വിദേശത്ത് നിന്നിറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നുവന്ന നേതാവാണ്. പിണറായിയുടെ തലവെട്ടാൻ ആഹ്വാനം ചെയ്തവരാണ് ആർഎസ്എസ്. നാഷണൽ ഹെറാൽഡ് കേസിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല. ബിജെപിക്ക് മുന്നിൽ സാഷ്ടാംഗം നമസ്‌കരിക്കുകയാണ് പ്രിയങ്കയും രാഹുലുമെന്നും ഇപി പറഞ്ഞു.

ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രതികരണം. അത് ബിജെപിക്ക് വേണ്ടിയാണ്. മോദി കരുവന്നൂരിലെയോ തൃശ്ശൂരിലെയോ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഇപി ജയരാജൻ പറഞ്ഞു.

Advertisement