മോദി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കാശ്മീരിൽ കല്ലെറിയാൻ ആരും ധൈര്യപ്പെടില്ല: അമിത് ഷാ

രാജസ്ഥാൻ: മോദി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കല്ല് എറിയാൻ ജമ്മു കശ്മീരിൽ ആരും ധൈര്യപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ആദ്യഘട്ട വോട്ടെടുപ്പ് നടന്നതിന് പിന്നാലെയാണ് അമിത് ഷായുടെ റോഡ് ഷോ നടന്നത്.
ആർട്ടിക്കിൾ 370 എടുത്ത് മാറ്റുന്നതോടെ ജമ്മു കശ്മീരിൽ ചോര പുഴ ഒഴുകുമെന്നാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും വാദിച്ചിരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷമായെന്നും അതുകൊണ്ട് തന്നെ ഇത്തരം അനാവശ്യ വിവാദങ്ങൾ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുഴുവൻ സീറ്റുകൾ ലഭിക്കുമെന്നും റോഡ് ഷോയ്ക്കിടെ അമിത് ഷാ പറഞ്ഞു. വോട്ടെടുപ്പ് കോൺഗ്രസിനെ മുഴുവനായി തുടച്ചുനീക്കുന്നതിന് ഇടയാക്കുമെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു. രാജസ്ഥാനിലെ 25 ലോക്സഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.

Advertisement