തുഷാറേ അടിപ്പണി വേണ്ട, എല്‍ഡിഎഫ്

കോട്ടയം. ജില്ലയില്‍ എൻഡിഎയും യുഡിഎഫും തമ്മിൽ അന്തർധാരയുണ്ടെന്ന ആരോപണവുമായി എൽ ഡി എഫ് .   തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നത്   കോണ്‍ഗ്രസ് നേതാവാണെന്നാണ് ആക്ഷേപം. അതേസമയം എല്‍ഡിഎഫിന്‍റേത് പരാജയഭീതി മൂലമുള്ള ആരോപണമാണെന്ന് എൻഡിഎ പ്രതികരിച്ചു.

തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി നാമനിർദ്ദേശപത്രിക തയ്യാറാക്കിയത് കെ പ്രസാദ് എന്ന അഭിഭാഷകനാണ്. ഇദ്ദേഹം കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ  ജില്ലാ പ്രസിഡൻ്റാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി പ്രസാദിനെ ചുമതലപ്പെടുത്തിക്കൊണ്ട്  ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ പ്രസാദിന് നല്‍കിയ കത്തിന്റെ കോപ്പിയും കേരള കോൺഗ്രസ് എം നേതാക്കൾ പുറത്തുവിട്ടു.
നിരവധി നോട്ടറിമാര്‍ ബിജെപി പ്രവര്‍ത്തകരായി ഉണ്ടായിട്ടും അവരുടെയൊന്നും സഹകരണം തേടാതെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള വ്യക്തിയെ തന്നെ എന്‍.ഡി.എ  നിയോഗിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധത്തിൻ്റെ തെളിവാണെന്നാണ് ആരോപണം

പരാജയം മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണ് LDF നടത്തുന്നതെന്നാണ്  എന്‍.ഡി.എ നേതാക്കൾ പറയുന്നത്.
ഇരുമുന്നണികളിലും  പൊട്ടിത്തെറികൾ തുടങ്ങിക്കഴിഞ്ഞു. വരും  ദിവസങ്ങളിൽ ഇത് കൂടുതൽ വ്യാപകമാകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ ജി. ലിജിൻ ലാൽ പറഞ്ഞു.

Advertisement