ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു, ആ മോളുടെ ചിരിച്ച മുഖം; ഇത് താങ്ങാവുന്നതിലും വലിയ ക്രൂരത: ജി.വേണുഗോപാൽ

ആലുവയിൽ 5 വയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണമറിയിച്ച് ഗായകൻ ജി.വേണുഗോപാൽ. വാർത്തകൾ കേൾക്കുമ്പോൾ പേടി തോന്നിത്തുടങ്ങിയിരിക്കുകയാണെന്നും പൊതുജനത്തിന് പൊലീസിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസമെല്ലാം നഷ്ടമായിരിക്കുകയാണെന്നും ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ നാം ചേർത്തു പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വേണുഗോപാലിന്റെ പോസ്റ്റ് ഇങ്ങനെ:

ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂരത. പത്രങ്ങളും ടിവിയും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി. മുങ്ങി മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത്, ഭരണത്തിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും.

ഇതര സംസ്ഥാനങ്ങളിലെ എക്സ്ട്രാ ജുഡീഷ്യൽ പൊലീസ് കൊലപാതകങ്ങളെ നമ്മളും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. മറുനാടൻ തൊഴിലാളികളെ “അതിഥി”കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ. നമ്മുടെ അലിവും സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകളെന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. ഏത് ദുരിതത്തിനിടയിലും നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചു മോളുടെ ചിരിച്ച മുഖം, അവൾ നേരിട്ട ക്രൂരത നടുക്കുന്നു, കണ്ണീറനാക്കുന്നു. കണ്ണു നിറയുമ്പോഴും, കാതുണരട്ടെ. നന്മ നമ്മൾക്ക് കാവലാകട്ടെ!

Advertisement