കശ്മീരിൽ അവധിക്കായി എത്തിയ സൈനികനെ കാണാതായി; കാറിൽ രക്തക്കറയെന്ന് റിപ്പോർട്ട്

ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാണാതായി. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ സൈനികൻ ജാവേദ് അഹമ്മദിനെ (25) ആണ് കാണാതായത്. ഈദിന് അവധിക്കായി നാട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച തിരിച്ച് ഡ്യൂട്ടിയ്ക്ക് കയറേണ്ടതായിരുന്നു.

ശനിയാഴ്ച വൈകിട്ട് ആറരയോടെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതായിരുന്നു ജാവേദ്. കാറിലായിരുന്നു യാത്ര. രാത്രി ഒൻപത് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ തുടങ്ങി. തിരച്ചിലിൽ മാർക്കറ്റിന് സമീപത്തുനിന്ന് കാർ കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ, കശ്മീർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ജാവേദിനെ ഭീകരർ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ജാവേദിനെ വിട്ടയയ്ക്കണമെന്ന് അഭ്യർഥിച്ച് കുടുംബാംഗങ്ങൾ വിഡിയോ പുറത്തുവിട്ടു.

Advertisement