ബ്രിട്ടന്റെ ‘ഫസ്റ്റ് ലേഡി ഫാബുലസ്’ അക്ഷത മൂർത്തി; പ്രധാനമന്ത്രിയുടെ ഭാര്യ മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ ഒന്നാമത്

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിയും. ടാറ്റ്‌ലർ മാസിക പുറത്തുവിട്ട പട്ടികയിലാണ് ബിസിനസുകാരിയും ഡിസൈനറുമായ അക്ഷത ഒന്നാം സ്ഥാനത്തെത്തിയത്. ബിയാട്രിസ് രാജകുമാരിയുടെ ഭർത്താവ് എഡോർഡോ മാപ്പെല്ലി മോസി, നടൻ ബിൽ നൈഗി എന്നിവർക്കൊപ്പമാണ് 43കാരിയായ അക്ഷത മൂർത്തി പട്ടികയിൽ ഇടം പിടിച്ചത്.

ഫാഷൻ സ്റ്റൈൽ, ഗ്ലാമർ, കൂൾ ലേബലുകൾ എന്നിവയാണ് അക്ഷതയ്ക്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടികൊടുത്തത്. പ്രഖ്യാപനത്തിന് പിന്നാലെ മാഗസിൻ അക്ഷതയെ ‘ഫസ്റ്റ് ലേഡി ഫാബുലസ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഋഷി സുനക് പ്രധാനമന്ത്രിയായതിന് പിന്നാലെ പലയിടങ്ങളിലും അതിശയിപ്പിക്കുന്ന സ്റ്റൈലിൽ അക്ഷത എത്തിയിട്ടുണ്ട്.ആഡംബര വസ്ത്രങ്ങളും ബാഗുകളുമെല്ലാം പലപ്പോഴും അക്ഷത സ്റ്റൈൽ ചെയ്തിട്ടുണ്ട്. നേരത്തെ 570 പൗണ്ട് (60,232 രൂപ) വിലയുള്ള ഒരു ജോടി JW ആൻഡേഴ്സൺ സ്ലിപ്പറുകൾ ധരിച്ച് സ്കൂൾ റണ്ണിനായി അക്ഷത എത്തിയിരുന്നു. കൂടാതെ 445 പൗണ്ട് (47,023 രൂപ) വിലമതിക്കുന്ന ഗൂച്ചിയുടെ സ്‌നീക്കറുകളും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന പാവാടയെല്ലാം ധരിച്ച് പൊതു വേദിയിൽ എത്തിയിരുന്നു.

ഇൻഫോസിസിന്റെ സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത. ലോസ് ആഞ്ചലസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മെർച്ചൻഡൈസിംഗിൽ നിന്നാണ് ബിരുദം നേടിയത്.

Advertisement