ബ്രിട്ടനിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; എംപിയല്ലാത്ത മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി

ലണ്ടൻ: ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ഋഷി സുനക് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. 2010 മുതൽ 2016 വരെയാണ് കാമറൂൺ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

2005 മുതൽ 2016 വരെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ ആയിരുന്നു. 2005 മുതൽ 2010 വരെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചു. ബ്രിട്ടനിൽ അഭ്യന്തരമന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കിയതിനേക്കാൾ പ്രാധാന്യമാണ് ഇപ്പോൾ കാമറൂണിന്റെ മന്ത്രിസഭ പ്രവേശനത്തിന് ലഭിച്ചിരിക്കുന്നത്.

ഋഷി സുനക് എടുത്ത ചില വ്യക്തിഗത തീരുമാനങ്ങളോട് താൻ വിയോജിക്കുന്നുവെങ്കിലും പ്രധാനമന്ത്രി ശക്തനും കഴിവുള്ളവനുമായ നേതാവാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കാമറൂൺ പറഞ്ഞു. സുവല്ല ബ്രാവർമാനെ പുറത്താക്കിയതിനെ തുടർന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജെയിംസ് ക്ലെവർലിയെ ആണ് ആഭ്യന്തര മന്ത്രി ആയി നിയമിച്ചത്. ജെയിംസ് ക്ലെവർലി ഒഴിഞ്ഞ പദവിയിലാണ് ഡേവിഡ് കാമറൂൺ വിദേശകാര്യ മന്ത്രി ആയത്.

ഋഷി സുനകിന്റെ മന്ത്രിസഭ പുനഃസംഘടന തുടരുന്നതിനിടെ രണ്ട് ജൂനിയർ മന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ദീർഘകാലം സേവനമനുഷ്ഠിച്ച സ്‌കൂൾ മന്ത്രി നിക്ക് ഗിബ് താൻ രാജിവെക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ എംപി സ്ഥാനം ഒഴിയുമെന്നും പ്രഖ്യാപിച്ചു. അതേസമയം ആരോഗ്യമന്ത്രി എന്ന സ്ഥാനം താൻ ഉപേക്ഷിച്ചതായി നീൽ ഒബ്രിയൻ പറഞ്ഞു.

കാമറൂൺ ഇപ്പോൾ എംപി അല്ലെങ്കിലും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഋഷി സുനകിന്റെ സർക്കാരിൽ ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു പ്രത്യേകത. 2016 സെപ്റ്റംബറിൽ കാമറൂൺ വിറ്റ്‌നി പാർലമെന്റ് മണ്ഡലത്തിന്റെ എംപി സ്ഥാനം രാജിവച്ചിരുന്നു. 2016 ൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഏതാനും മാസങ്ങൾക്കുശേഷമാണ് എംപി സ്ഥാനം രാജി വെച്ചത്.

Advertisement