സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ 700 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം. കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ 700 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആയി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുക്കാന്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര സഹായം വൈകിയ സാഹചര്യത്തിലാണ് വായ്പയെടുത്ത് കര്‍ഷകരുടെ സംഭരണവില നല്‍കാന്‍ തീരുമാനിച്ചത്.21 രൂപ കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാന വിഹിതവും ചേര്‍ത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര വിഹിതം വൈകുന്നതിനെ തുടര്‍ന്നാണ് വായ്പയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്.

എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് സപ്ലൈകോ 700 കോടി വായ്പയെടുക്കുന്നത്. ഇതിനായി സപ്ലൈകോ കരാറില്‍ ഏര്‍പ്പെട്ടു. ഒരു വര്‍ഷമാണ് വായ്പയുടെ കാലാവധി. ഒന്‍പത് ശതമാനം പലിശയ്ക്ക് എസ്.ബി.ഐയില്‍ നിന്ന് 280 കോടി രൂപയും ഫെഡറല്‍ ബാങ്കില്‍ നിന്ന് 140 കോടി രൂപയും വായ്പയെടുക്കും. കാനറാ ബാങ്കില്‍ നിന്നും 8.75 ശതമാനം പലിശയ്ക്കായിരിക്കും 280 കോടി രൂപ വായ്പയെടുക്കുക. ഇതു സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.

സര്‍ക്കാരിന്റേയും സപ്ലൈകോയുടേയും ഉത്തമതാല്‍പര്യം സംരക്ഷിച്ചായിരിക്കണം നടപടികളെന്ന് ഉത്തരവില്‍ പറയുന്നു. വായ്പ ലഭിക്കുന്ന മുറയ്ക്ക് കര്‍ഷകരുടെ തുക അടിയന്തരമായി നല്‍കും. കര്‍ഷകരില്‍ നിന്നും സപ്ലൈകോ നെല്ല് സംഭരിച്ചുവെങ്കിലും ഇതിന്റെ തുക നല്‍കാത്തത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കിയിരുന്നു.തുക വൈകുന്നതിന് കേന്ദ്രം നല്‍കുന്ന പലിശ ബാങ്കുകള്‍ക്ക് പലിശയായി നല്‍കാനാണ് തീരുമാനം.

Advertisement