താമരശ്ശേരിയിൽ വന്‍ വിദേശ മദ്യ വേട്ട ,യുവതി ഉള്‍പ്പെടെ രണ്ട് പേരെ പിടികൂടി

കോഴിക്കോട്. താമരശ്ശേരിയിൽ വന്‍ വിദേശ മദ്യ വേട്ട. 72 കുപ്പി വിദേശമദ്യവുമായി യുവതി ഉള്‍പ്പെടെ രണ്ട് പേരെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയല്‍ സ്വദേശികളായ തോമസ്, ഷീബ എന്നിവരാണ് പിടിയിലായത്.

വിദേശ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് സര്‍ക്കിളും സംഘവും നടത്തിയ നീക്കത്തിലാണ് 72 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ പുതുപ്പാടി കാക്കവയല്‍ പനച്ചിക്കല്‍ സ്വദേശികളായ വയലപ്പിള്ളില്‍ തോമസ്, കാരക്കുഴിയില്‍ ഷീബ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ബി 2599 നമ്പര്‍ കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

വാവാട് വെച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തെ ബിവറേജ് ഷോപ്പുകളില്‍ നിന്ന് വന്‍ തോതില്‍ വിദേശ മദ്യം വാങ്ങി പുതുപ്പാടി, കട്ടിപ്പാറ മേഖലകളില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനീഷ് കുമാര്‍, ആരിഫ്, കെ പി ഷിംല എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement