കണ്ണൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കാസർഗോഡ് പിടിച്ചു

കാസർഗോഡ്. കണ്ണൂർ വിമാനത്താവളം വഴി കടത്തിയ 1300 ഗ്രാം സ്വർണം കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റംസ് പിടികൂടി. ചെങ്കള സ്വദേശി മുഹമ്മദ്‌ ഫായിസാണ് സ്വർണവുമായി പിടിയിലായത്.


ദുബായിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ഫായിസ് കണ്ണൂരിൽ എത്തിയത്. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫായിസിൽ നിന്ന് സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന്
ഇയാൾ ട്രയിൻ മാർഗം കാസർഗോഡ് എത്തിയപ്പോഴാണ് കസ്റ്റംസിന്‍റെ പിടിയിലായത്. കണ്ണൂരിൽ നിന്ന് എറനാട് എക്‌സ്പ്രസിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു കസ്റ്റംസിന്‍റെ പരിശോധന. ബ്രഡ്‌ മേക്കറിൽ മൂന്ന് രഹസ്യ അറകൾ ഉണ്ടാക്കി അതിൽ സ്വർണം സൂക്ഷിച്ചായിരുന്നു കടത്ത്. ഏകദേശം 76 ലക്ഷം രൂപ വിലമതിക്കുന്ന 1300 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

.പ്രതീകാത്മക ചിത്രം

Advertisement