അൽഫാമിനും മന്തിക്കുമൊപ്പം ഇനി നോൺവെജ് മയോണൈസ് വിളമ്പില്ല; ഒഴിവാക്കാൻ തീരുമാനം

കൊച്ചി: ഇനിമുതൽ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകൾ വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കൊച്ചിയിൽ ചേർന്ന ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഭക്ഷ്യോത്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്ക് അറിയിച്ചു.

‌‌ബേക്കറികളിൽ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോൺവെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്. അൽഫാം, കുഴിമന്തി, ഷവർമ പോലുള്ള ഭക്ഷണത്തോടൊപ്പം നൽകുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതിലുപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിനു നിലവിൽ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളിൽ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് പറഞ്ഞു.

Advertisement