കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞു മരിച്ചതെന്നു കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.

മുൻപ് ചെയ്ത സ്കാനിങ്ങിൽ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു. അക്കാര്യം പിന്നീട് ഡോക്ടർ പരിശോധിച്ചില്ല. രണ്ടു തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. യുവതിയെ ചികിത്സിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടർ പ്രീജയ്ക്ക് എതിരെ പരാതി നൽകി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടി മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഡോക്ടർക്കെതിരെ കുടുംബം തലശേരി പൊലീസിൽ പരാതി നൽകി.