ഓണം ബമ്പര്‍ ഷെയറിട്ട് എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കേരള സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിപണിയിലെത്തിക്കഴിഞ്ഞു. ഒന്നും രണ്ടും അല്ല 25 കോടി രൂപയാണ് ഇത്തവണത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ചെറിയ ലോട്ടറികള്‍ സ്വന്തമായി വാങ്ങാറുള്ള മലയാളികള്‍ക്കിടയില്‍ വലിയ സമ്മാനത്തുകയുള്ള ബംപര്‍ ലോട്ടറികള്‍ കൂട്ടുകാര്‍ക്കൊപ്പം ‘ഷെയറിട്ട്’ വാങ്ങുന്നത് ഇപ്പോള്‍ പതിവാണ്. ലോട്ടറി ടിക്കറ്റുകള്‍ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷെ കൂട്ടം കൂടി ലോട്ടറി എടുക്കാനാണ് പദ്ധതിയെങ്കില്‍ നിങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ലെന്നതാണ് ഇതില്‍ പ്രധാനം. അതുകൊണ്ട് ഷെയറിട്ട് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിച്ചാലും സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നല്‍കുകയില്ല. പകരം സമ്മാനമടിക്കുന്നവര്‍ കൂട്ടത്തില്‍ ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. മുദ്രപത്രത്തില്‍ ആര്‍ക്കാണോ ചുമതല നല്‍കിയിരിക്കുന്നത് അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്.
ഒന്നിച്ച് ലോട്ടറി എടുക്കുന്നവര്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്തുന്നതും സാധ്യമാണ്. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

ഒന്നാം സമ്മാനം അടിച്ചാല്‍ കൈയില്‍ എത്ര രൂപ കിട്ടും?
ലോട്ടറി അടിച്ചാല്‍ സമ്മാനത്തുകയില്‍ നിന്ന് ആദായനികുതി കുറച്ച ശേഷമുള്ള തുകയായിരിക്കും ജേതാവിന് ലഭിക്കുക. അതായത് 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.

ടിക്കറ്റ് മാറി പണം സ്വന്തമാക്കുന്നത് എങ്ങനെ ?
ലോട്ടറിയില്‍ നിന്നുള്ള 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ അടിച്ച സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

എത്രദിവസത്തിനുള്ളില്‍ പണം വാങ്ങാം?
നറുക്കെടുപ്പ് നടന്ന് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം മേല്‍പറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കേണ്ടി വരും.

ഫ്‌ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ്
ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റത്.
ഫ്‌ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പര്‍ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയാണ് ഇത്തവണ.

Advertisement