കോവിഡിനെ തടയുമെന്നതുൾപ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പ്രമുഖ കമ്പനികൾക്ക് വൻതുക പിഴ

ന്യൂഡൽഹി: ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾ നൽകിയതിന് ഏഷ്യൻ പെയിന്റ്സ്, ബെർജർ പെയിന്റ് തുടങ്ങിയവ ഉൾപ്പെടെ പ്രമുഖ കമ്പനികൾക്ക് പിഴ.

കോവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ നൽകിയതിനാണ് കമ്പനികൾക്ക് പിഴ ചുമത്തിയത്. കമ്പനികൾ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ഒരു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണൽ ചീഫ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. കോവിഡ് കാലത്ത് ആളുകളുടെ പരിഭ്രാന്തി മുതലെടുത്ത് നിരവധി കമ്പനികൾ കോവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച്‌ പരസ്യങ്ങൾ ഇറക്കിയിരുന്നു. ഇത് കച്ചവടത്തിൽ വൻ വർധനവാണുണ്ടാക്കിയത്.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 129 നോട്ടീസുകൾക്ക് നൽകിയ ശേഷം 2019ൽ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രധാന കമ്പനികളുടെ 71ഓളം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിലക്കിയത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നൽകിയ 129 നോട്ടീസുകളിൽ 49 എണ്ണം അന്യായമായ വിൽപന തന്ത്രങ്ങൾക്കെതിരെയും ഒമ്പത് എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണെന്നും ഖാരെ കൂട്ടിച്ചേർത്തു.

Advertisement