ആശാപ്രവർത്തകർക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം; അർഹതയ്ക്കുള്ള അംഗീകാരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.

സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.

ആരോഗ്യ മേഖലയിൽ ആശാ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീൽഡ് തലത്തിൽ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവർ. എല്ലാ ജില്ലകളിലുമായി നിലവിൽ 21,694 പേർ ഗ്രാമ പ്രദേശങ്ങളിലും 4205 പേർ നഗര പ്രദേശങ്ങളിലും 549 പേർ ടൈബ്രൽ മേഖലയിലുമായി ആകെ 26,448 പേർ ആശാ പ്രവർത്തകരായി പ്രവർത്തിച്ചു വരുന്നു. കൊവിഡ് സാഹചര്യത്തിൽ ആശാ പ്രവർത്തകർ എല്ലായ്‌പ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. സാധാരണ പ്രവർത്തനങ്ങളെക്കാൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ലോകം ആശാ പ്രവർത്തകരെ ആദരിക്കുമ്പോൾ കേരളത്തിലെ ഓരോ ആശാ പ്രവർത്തകയ്ക്കും അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് താഴെത്തട്ടിലുള്ളവർക്ക് സേവനം ഉറപ്പാക്കുക, പകർച്ച വ്യാധിനിയന്ത്രണ പരിപാടികൾ, കൊതുകു നിവാരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുക, ഗർഭിണികൾക്കും കുട്ടികൾക്കുമുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം ജീവിതശൈലീ രോഗങ്ങൾ, സാന്ത്വന ശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശ പ്രവർത്തകരുടെ പ്രധാന ചുമതലകൾ.