‘കോവിഡ് സമയത്ത് ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ ഉയർന്നുവന്നു; ഓരോ 33 മണിക്കൂറിലും ഒരു ദശലക്ഷം ആളുകൾ അതീവ ദാരിദ്ര്യത്തിലേക്കും പോയി’

ദാവോസ്: കോവിഡ് മഹാമാരിയുടെ സമയത്ത്, ഓരോ 30 മണിക്കൂറിലും ലോകത്ത് ഒരു പുതിയ ശതകോടീശ്വരൻ ഉയർന്നുവന്നതായി ഓക്സ്ഫാം ഇന്റർനാഷണൽ റിപ്പോർട്ട്.
നേരെമറിച്ച്‌, ഈ വർഷം ഓരോ 33 മണിക്കൂറിലും 10 ലക്ഷം പേർ കൊടും ദാരിദ്ര്യത്തിന്റെ കുഴിയിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘പ്രോഫിറ്റിംഗ് ഫ്രം പെയിൻ’ എന്ന തലക്കെട്ടിൽ ദാവോസിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഓക്‌സ്ഫാം ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അവശ്യസാധനങ്ങളുടെ വില മുൻ ദശകങ്ങളെ അപേക്ഷിച്ച്‌ അതിവേഗം കുതിച്ചതായും ഭക്ഷ്യ-ഊർജ മേഖലകളിലെ ശതകോടീശ്വരന്മാർ ഓരോ രണ്ട് ദിവസത്തിലും തങ്ങളുടെ സമ്പത്ത് നൂറ് കോടി ഡോളർ വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിനായി ലോകമെമ്പാടുമുള്ള സമ്പന്നരും പ്രമുഖരും എത്തിയിട്ടുണ്ട്. വേൾഡ് ഇകണോമിക് ഫോറം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്. രണ്ട് വർഷത്തിന് ശേഷമാണ് ദാവോസിൽ യോഗം ചേരുന്നത്. കോവിഡ് ബാധയെ തുടർന്ന് രണ്ട് വർഷമായി ഈ സമ്മേളനം നടത്താൻ കഴിഞ്ഞില്ല.

പണപ്പെരുപ്പം ശതകോടീശ്വരന്മാർക്ക് അനുഗ്രഹമായി

മഹാമാരിയും ഇപ്പോൾ ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും വിലയിലുണ്ടായ വൻ വർധനയും സമ്പന്നർക്ക് അനുഗ്രഹമായി മാറുകയാണ്. മറുവശത്ത്, ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിലെ പതിറ്റാണ്ടുകളുടെ പുരോഗതി വ്യർത്ഥമാണ്, അതിജീവിക്കാൻ വേണ്ടി മാത്രം ദശലക്ഷക്കണക്കിന് ആളുകൾ അഭൂതപൂർവമായ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നു.

26 കോടി ജനങ്ങൾ ദരിദ്രരാകും

കോവിഡ് സമയത്ത് ഓരോ 30 മണിക്കൂറിലും ഒരു പുതിയ കോടീശ്വരൻ ഉയർന്നുവരുന്നതായി ഓക്സ്ഫാം റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ആകെ 573 പേർ പുതിയ കോടീശ്വരന്മാരായി. ഓരോ 33 മണിക്കൂറിലും 10 പേർ എന്ന കണക്കിൽ ഈ വർഷം 26.30 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിന് ഇരകളാകുമെന്ന് ഞങ്ങൾ ഭയപ്പെടുന്നതായി സംഘടന പറഞ്ഞു.കോവിഡ്-19ന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ശതകോടീശ്വരന്മാരുടെ സ്വത്ത് കഴിഞ്ഞ 23 വർഷത്തേക്കാൾ വർധിച്ചു.

ലോകത്തെ കോടീശ്വരന്മാരുടെ ആകെ സമ്പത്ത് ഇപ്പോൾ ആഗോള ജിഡിപിയുടെ 13.9 ശതമാനത്തിന് തുല്യമാണ്. 2000-ൽ ഇത് 4.4 ശതമാനമായിരുന്നു, ഇത് മൂന്ന് മടങ്ങ് വർധിച്ചു. ഇവരുടെ സമ്പത്ത് വർധിച്ചിരിക്കുന്നത് അവർ മിടുക്കരായതുകൊണ്ടോ കഠിനാധ്വാനം ചെയ്തതുകൊണ്ടോ അല്ല, മറിച്ച്‌ അതിസമ്പന്നർ പതിറ്റാണ്ടുകളായി നടന്ന തട്ടിപ്പ് ഇപ്പോൾ മുതലെടുക്കുന്നതിനാലാണ്. സ്വകാര്യവൽക്കരണവും കുത്തകയും മൂലം, അവർ ലോക സമ്പത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുത്തുവെന്നും റിപ്പോർട്ട് പറയുന്നു.

Advertisement