ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും; വൈകിട്ട് സത്യപ്രതിജ്ഞ

കൊളംബോ: രാജ്യത്ത് രാഷ്ട്രീയവും സാമ്ബത്തികവുമായ മാന്ദ്യം തുടരുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു.

മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമായ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിമായി അധികാരമേൽക്കും. വൈകിട്ട് 6.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിനെ തുടർന്നുണ്ടായ ഭരണപരമായ അസ്ഥിരതയാണ് ഇതോടെ നീങ്ങുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോതബയയുടെ പുതിയ അനുനയ നീക്കം. റനിലുമായി പ്രസിഡന്റ് ചർച്ച നടത്തുകയും ചെയ്തിരുന്നു.

പ്രസിഡന്റിന്റെ എക്‌സിക്യൂടീവ് അധികാരങ്ങൾ എടുത്ത് കളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ച്‌ നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ഭരണപരമായ അസ്ഥിരത തുടർന്നാൽ രാജിവയ്ക്കുക മാത്രമേ നിവൃത്തിയുള്ളുവെന്ന് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗെ വ്യക്തമാക്കിയിരുന്നു. രാജ്യം ഊർജപ്രതിസന്ധിയിലേക്കും ഇന്ധന ക്ഷാമത്തിലേക്കും നീങ്ങുകയാണെന്നും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഭരണസ്ഥിരതയ്ക്ക് ആവശ്യമാണെന്നും ഗവർണർ പറഞ്ഞിരുന്നു.

അതിനിടെ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് യാത്രാവിലക്ക് ഏർപെടുത്തി. മഹിന്ദയുൾപെടെ 13 പേർക്കാണ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഗോൾഫേസിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കൊളംബോ ഫോർട് കോടതിയുടേതാണ് ഉത്തരവ്.

Advertisement