ശ്രീലങ്ക കടുത്ത ദാരിദ്ര്യത്തിൽ

കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില് ഏകദേശം 63 ലക്ഷം പേർ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന.

ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോക ഭക്ഷ്യ പരിപാടിയുടെയും സംയുക്ത റിപ്പോർട്ട് വ്യക്തമാക്കി.

തുടർച്ചയായ രണ്ടു സീസണിലെയും മോശം വിളവെടുപ്പ് ഉൽപ്പാദനത്തിൽ 50 ശതമാനം ഇടിവാണുണ്ടാക്കിയത്. കാർഷിക ഉൽപ്പാദന നിലവാരം പഠിക്കാൻ ജൂൺ, ജൂലൈ മാസങ്ങളിൽ 25 ജില്ലകൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം 60 ശതമാനത്തിലേറെ കുടുംബങ്ങൾ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വിലയും പോഷകമൂല്യവും കുറവുള്ള ഭക്ഷണങ്ങൾ ശീലമാക്കുകയും ചെയ്തു.

സാമ്പത്തിക പരിമിതിമൂലം സ്കൂൾ കുട്ടികൾക്കും അമ്മമാർക്കുമുള്ള പോഷകാഹാര പരിപാടികളിൽ നിന്ന് സർക്കാരും പിന്മാറിയെന്നും പഠനം വിലയിരുത്തി. ഭക്ഷ്യസുരക്ഷ കൂടുതൽ തകർച്ചയിലേക്ക് എത്താതെയിരിക്കാനും കാർഷിക ഉൽപ്പാദനം പുനഃസ്ഥാപിക്കാനുമായി ചെറുകിട കർഷകരുടെ ഉന്നമനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഭക്ഷ്യ കാർഷിക സംഘടന അറിയിച്ചു.

Advertisement