ന്യൂഡൽഹി: രാജീവ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്ര മെയ് 14-ന് വിരമിക്കുകയാണ്.
അതിനുശേഷം രാജീവ് കുമാർ ചുമതലയേൽക്കും. 2020 സെപ്റ്റംബർ ഒന്നു മുതൽ ഇസിഐയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.

മെയ് 12-ന് നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌, ഭരണഘടനയുടെ 324-ാം അനുച്ഛേദത്തിലെ ക്ലോസ് (2) അനുസരിച്ച്‌ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് നിയമനം നടത്തുന്നത്. കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്റിൽ റിജിജു കുമാറിന് ആശംസകൾ നേർന്നു.

1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാറിന് ബിഎസ്സി, എൽഎൽബി, പിജിഡിഎം, എംഎ പബ്ലിക് പോളിസി എന്നിവയിൽ ബിരുദങ്ങളുണ്ട്. ബിഹാർ/ഝാർഖണ്ഡ് കേഡർ 1984 ബാച്ചിലെ ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനാണ്.

2020 ഏപ്രിലിൽ കുമാർ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ (PESB) ചെയർമാനായി ചുമതലയേറ്റു. 2020 സെപ്റ്റംബർ ഒന്നിന് ഇസിഐയിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു.

സാമൂഹികം, പരിസ്ഥിതി, വനം, മാനവവിഭവശേഷി, ധനകാര്യം, ബാങ്കിംഗ് മേഖലകളിലായി വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളിൽ 36 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.

സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), എസ്ബിഐ, നബാർഡ് ഡയറക്ടർ അംഗം, സാമ്പത്തിക ഇന്റലിജൻസ് കൗൺസിൽ (EIC) അംഗം, സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ (FSDC) അംഗം, ബാങ്ക് ബോർഡ് ബ്യൂറോ (BBB) അംഗം, ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപോയിന്റ്മെന്റ് സെർച്ച്കമ്മിറ്റി (FSRASC), സിവിൽ സർവീസ് ബോർഡ്, മറ്റ് പല ബോർഡ് കമ്മിറ്റികളിലും കുമാർ അംഗമാണ്.