രാജീവ് ഗാന്ധി വധക്കേസ്: മുരുകൻ ഉൾപ്പെടെ 4 ശ്രീലങ്കൻ പൗരൻമാർക്കു നാട്ടിലേക്കു മടങ്ങാനാകും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ ശ്രീലങ്കൻ പൗരൻമാർക്കു നാട്ടിലേക്കു മടങ്ങാൻ വഴിയൊരുങ്ങുന്നു. ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നിലപാടറിയിച്ചു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവർക്കാണു മടങ്ങാനാവുക.

ലണ്ടനിലുള്ള മകളുടെ അടുത്തു പോകാനായി ഭർത്താവിനെ വിട്ടയയ്ക്കണമെന്നും പാസ്പോർട്ട് നൽകണമെന്നും മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണു സർക്കാർ നടപടി. മുരുകനുമായി ഒന്നിച്ചു ജീവിക്കാൻ അനുമതി നൽ‌കണമെന്നും നളിനി അപേക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം കോടതിയിൽ നൽകിയ മറുപടിയിലാണു പ്രതികൾക്ക് അനുകൂലമായ പ്രസ്താവനയുള്ളത്.

ഇവരെ വിട്ടയയ്ക്കുന്നതിന് ഇന്ത്യയിൽ പ്രശ്നമില്ലെന്നും എന്നാൽ ശ്രീലങ്കയാണു പാസ്പോർട്ട് അനുവദിക്കേണ്ടതെന്നും കാര്യങ്ങളെല്ലാം വിശദമായി അവരെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ശ്രീലങ്ക നടപടിയെടുക്കാൻ വൈകുന്നതു കൊണ്ടാണു കാലതാമസമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ശ്രീലങ്ക പാസ്പോർട്ട് അനുവദിച്ചാൽ നാലുപേർക്കും പോകാം, ഇല്ലെങ്കിൽ ഇവിടെത്തന്നെ തുടരേണ്ടി വരും. നിലവിൽ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണു നാലുപേരും കഴിയുന്നത്.

‌രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതിയാണു പ്രതികളെ വിട്ടയച്ചത്. നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു ജയില്‍ മോചിതരായത്. ഇതില്‍ ശ്രീലങ്കന്‍ പൗരന്‍മാരെ, രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാര്‍പ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു പോയത്. രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തി സ്വീകരിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിൽ ഇളവു നൽകിയാണു കഴിഞ്ഞവർഷം മോചിപ്പിച്ചത്.

Advertisement