ന്യൂയോർക്ക് ∙ ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ ചിത്രങ്ങൾ പകർത്തിയ റോയിട്ടേഴ്സ് സംഘത്തിന് ഇത്തവണത്തെ പുലിറ്റ്സർ പുരസ്കാരം.

കഴിഞ്ഞ ജൂലൈയിൽ അഫ്ഗാനിസ്ഥാനിലെ യുദ്ധമുഖത്തു കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയും ഫീച്ചർ ഫൊട്ടോഗ്രഫി വിഭാഗത്തിലെ പുരസ്കാരം നേടിയ റോയിട്ടേഴ്സ് സംഘത്തിലുണ്ട്.

അദ്നാൻ ആബിദി, സന്ന ഇർഷാദ് മട്ടു, അമിത് ദവെ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. രോഹിൻഗ്യ അഭയാർഥികളുടെ ദുരിതജീവിതം ക്യാമറയിൽ പകർത്തിയതിന് 2018ലെ പുലിറ്റ്സർ പുരസ്കാരം നേടിയയാളാണ് ഡാനിഷ് സിദ്ദീഖി.

യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമിയിൽ ബഹുനിലക്കെട്ടിടം തകർന്നു 98 പേർ കൊല്ലപ്പെട്ട ദുരന്തത്തിന്റെ റിപ്പോർട്ടിങ്ങിന് ദ് മയാമി ഹെറാൾഡ് പത്രം ബ്രേക്കിങ് ന്യൂസ് വിഭാഗത്തിലെ പുരസ്കാരം നേടി. ക്യാപ്പിറ്റൾ ഹില്ലിലെ യുഎസ് പാർലമെന്റ് മന്ദിരത്തിൽ നടന്ന അക്രമത്തിന്റെ വാർത്തകൾക്ക് ദ് വാഷിങ്ടൻ പോസ്റ്റിന് സാമൂഹികസേവന വിഭാഗത്തിലെ പുരസ്കാരം ലഭിച്ചു.