മലയാളികളുടെ പ്രിയനായിക പാർവതി ജയറാം ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും പൊതുപരിപാടിയിൽ എത്തി.

കേരള ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് പാർവതി അതിഥിയായെത്തിയത്.

തിരുവനന്തപുരം കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേയ് 8ന് ആണ് ഷോ അരങ്ങേറിയത്. ട്രാൻസ്, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, പ്രഫഷനൽ മോഡലുകൾ എന്നിവരുൾപ്പെടെ 250–ലേറെ പേർ ഷോയുടെ ഭാഗമായി.

ഗോൾഡൻ സ്ട്രിപ്പ് ഡിസൈനിലുള്ള കൈത്തറി സാരിയിൽ അതീവസുന്ദരിയായിട്ടാണ് പാർവ്വതി റാംപിൽ ചുവട് വച്ചത്. സാരിക്കൊപ്പം ആനയുടെ ചിത്രം ഡിസൈൻ ചെയ്തിരിക്കുന്ന കറുത്ത ബ്ലൗസാണ് മാച്ച് ചെയ്തിരിക്കുന്നത്. അതേ ഡിസൈനിലുള്ള ദുപ്പട്ടയും പെയർ ചെയ്തിട്ടുണ്ട്. ഇടതു ഭാഗത്ത് സാരിക്കൊപ്പം ചുറ്റിയ ശേഷം വലതു കൈയിലേക്കാണ് ദുപ്പട്ട സ്റ്റൈൽ ചെയ്തിരിക്കുന്നത്.
റാംപിലേക്കുള്ള പാർവതിയുടെ എൻട്രിയെ വൻകരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.

ആഭരണങ്ങളിലും ട്രെഡിഷണൽ രീതിയാണ് പിന്തുടർന്നത്. വലിയ കമ്മലും വലിയ ചോക്കറുമാണ് പാർവതി ധരിച്ചിരിക്കുന്നത്. മുടി അഴിച്ചിട്ട ലുക്കിലായിരുന്നു. രണ്ടു കൈകളിലും ഓരോ വളകൾ വീതം.


ഒളിംപിക് അസോസിയേഷന്‍ നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഫാഷന്‍ ഷോ ഒരുക്കിയത്. സുസ്ഥിര ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ച ഫാഷൻ ഷോയിലൂടെ പരിശീലനത്തിന് ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്കുള്ള ധനസമാഹരണവും കൈത്തറി മേഖലയ്ക്ക് കൈത്താങ്ങാവലുമാണ് ലക്ഷ്യമിട്ടത്.