ന്യൂഡല്‍ഹി: യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ന് രാവിലെയാണ് മോദി യുഎഇലെത്തിയത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുവിനെ കാണാന്‍ സാധിച്ചതില്‍ താന്‍ അത്യധികം സന്തോഷവനാണെന്നും സഹോദരൻ എന്ന് അഭിസംബോധന ചെയ്‌തും നരേന്ദ്ര മോദി. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ നിങ്ങളോട് ഫോണിൽ സംസാരിക്കുകയായിരുന്നു. പക്ഷേ നിങ്ങളെ വ്യക്തിപരമായി കാണാൻ ഞാൻ അത്യധികം സന്തോഷവാനാണ്. യുഎഇക്കെതിരായ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു.
- പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയതിന് പ്രധാനമന്ത്രി അദ്ദേഹത്തിനോട് നന്ദി പറഞ്ഞു. ദേശീയ ഐക്യത്തിനും സുരക്ഷയ്ക്കും പ്രാദേശിക അഖണ്ഡതയ്ക്കും വേണ്ടി നിലകൊണ്ടതിന് മോദി അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്‌തു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും അദ്ദേഹം യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു അഭ്യർഥിച്ചു. അതേസമയം ഹോർമുസ് കടലിടുക്ക് സ്വതന്ത്രവും സുരക്ഷിതവും ആക്കേണ്ടതുണ്ടെന്നും, അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി ഇന്ത്യ നില കൊള്ളുമെന്നും മോദി കൂട്ടിച്ചേർത്തു.
ഉഭയകക്ഷി ബന്ധം തന്ത്രപരവും സുരക്ഷിതവും ആക്കുന്നതിന് പ്രതിരോധ പങ്കാളിത്ത കരാറില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. ഊർജമേഖലയിലെ സഹകരണം വർധിപ്പിച്ചുകൊണ്ട് തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ധാരണാപത്രത്തിലും ദ്രവീകൃത പെട്രോളിയംവാതകം (എൽപിജി) വിതരണം ചെയ്യുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടാതെ വഡിനാറിൽ ഒരു കപ്പൽ ഒരു കപ്പൽ നന്നാക്കൽ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫൈറ്റർ ജെറ്റുകൾ വിന്യസിച്ച് ഗാർഡ് ഓഫ് ഓണർ നൽകിയാണ് യുഎഇ സ്വീകരിച്ചത്. എയർ ഇന്ത്യ വൺ എന്ന് നാമകരണമുള്ള ബോയിങ് 777-300ER വിമാനത്തിലാണ് മോദി വെള്ളിയാഴ്‌ച യുഎഇയിലെത്തിയത്. യുഎഇ നൽകിയ വരവേൽപ്പിന് മോദി നന്ദിയറിയിക്കുകയും ചെയ്‌തു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും ഏഴാമത്തെ വലിയ നിക്ഷേപ സ്രോതസുമാണ് യുഎഇ. സന്ദർശനത്തിനു പിന്നാലെ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കും.



































