17 മണിക്കൂർ, വിജയകരമായി ഗർഭപാത്രം മാറ്റിവച്ചു

ലണ്ടൻ: പതിനേഴു മണിക്കൂർ നീണ്ട സുദീർഘമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി ഗർഭപാത്രം മാറ്റി വച്ച് ബ്രിട്ടനിലെ സർജൻമാരുടെ സംഘം. 34 വയസ്സുള്ള യുവതിക്ക് 40 വയസ്സുള്ള സഹോദരി നൽകിയ ഗർഭപാത്രമാണ് ഫെബ്രുവരി ആദ്യവാരം ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാൻ സാധിച്ചത്.

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവയവ ദാതാവും സ്വീകർത്താവും അതിവേഗം സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു മുമ്പേ യുവതിയും ഭർത്താവും ചേർന്ന് സൂക്ഷിച്ചിരിക്കുന്ന ഭ്രൂണം (എംബ്രിയോ) ഉപയോഗിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ഐ.വി.എഫ് ചികിൽസയിലൂടെ ഗർഭം ധരിക്കാനുള്ള ഒരുക്കത്തിലാണ് സഹോദരിയിൽനിന്നും ഗർഭപാത്രം ലഭിച്ച ഈ ഭാഗ്യവതി.

ഓക്സ്ഫെഡിലെ ചർച്ചിൽ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം ഈ ചരിത്ര നേട്ടം കൈവരിച്ചത്. 25 വർഷത്തിലധികമായി ഗർഭപാത്രം മാറ്റിവയ്ക്കുന്നതിൽ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കൽ സർജൻ പ്രഫ. റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്. മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ ദിവസവും യുവതിയുടെ ആരോഗ്യനില കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഡോക്ടമാരുടെ സംഘം അറിയിച്ചു. സ്റ്റിറോയിഡുകളുടെ പിൻബലത്തോടെയാണ് ടിഷ്യൂ റിജക്ഷൻ ഉൾപ്പെടെയുള്ള അപകടസാധ്യതകളെ അതിജീവിക്കുന്നത്. അതിനാൽതന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ഉണ്ടായശേഷം ഇങ്ങനെ മാറ്റിവയ്ക്കുന്ന ഗർഭപാത്രം നീക്കം ചെയ്യും.

പൂർണമായും വികസിക്കാത്ത ഗർഭപാത്രത്തോടുകൂടി ജനിച്ചയാളായിരുന്നു ഈ യുവതി. എന്നാൽ ഇവരുടെ ഓവറികൾക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നു. അതിനാൽ ശസ്ത്രക്രിയയ്ക്കു മുമ്പ് ഫെർട്ടിലിറ്റി ചികിൽസയിലൂടെ എട്ട് എംബ്രിയോകളാണ് (ഭ്രൂണം) യുവതിയും ഭർത്താവും ഒരു കുഞ്ഞിനായി സ്റ്റോർ ചെയ്തിട്ടുള്ളത്. സഹോദരിക്ക് ഗർഭപാത്രം ദാനം ചെയ്ത യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്.

25,000 പൌണ്ടാണ് (ഏകദേശം 25 ലക്ഷം രൂപ) ശസ്ത്രക്രിയയ്ക്ക് ചെലവായ തുക. ഇംഗ്ലണ്ടിലെ ഹ്യൂമൻ ടിഷ്യൂ അതോറിറ്റിയുടെ അനുമതിയോടെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ചെലവായ തുക എൻ.എച്ച്.എസ് ആശുപത്രിക്ക് ‘വൂംബ് ട്രാൻസ്പ്ലാന്റ് –യുകെ’ എന്ന ചാരിറ്റിയാകും നൽകുക. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രഫ. റിച്ചാർഡ് സ്മിത്ത് തന്നെയാണ് ഈ ചാരിറ്റിയുടെ ചെയർമാൻ. ഇതിനോടകം മറ്റു 15 ട്രാൻസ്പ്ലാന്റുകൾക്കു കൂടി ഡോക്ടർമാരുടെ സംഘത്തെ ചുമതലപ്പെടുത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിൽ അഞ്ചെണ്ണത്തിൽ ലൈവ് ഡോണർമാരിൽനിന്നും പത്തെണ്ണത്തിൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്നുമാണ് ഗർഭപാത്രം ലഭിക്കുക. 300,000 പൌണ്ടാണ് (മൂന്നു കോടി രൂപ) ഇതിനെല്ലാമായി ചെലവാകുക.

ബ്രിട്ടനിൽ പതിനയ്യായിരത്തിലധികം യുവതികളാണ് ഗർഭപാത്രത്തിന്റെ തകരാറുകൾ മൂലമോ അഭാവം മൂലമോ കുഞ്ഞുങ്ങളില്ലാതെ കഴിയുന്നത്. ഇവർക്കെല്ലാം ആശ്വാസം നൽകുന്നതാണ് ഓക്സ്ഫെഡിലെ ഈ ഡോക്ടർമാരുടെ വിജയഗാഥ.

2014ൽ സ്വീഡനിലാണ് ലോകത്ത് ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രത്തിലൂടെ ഒരു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതിനുശേഷം ലോകത്താകമാനം സമാനമായ നൂറോളം ശസ്ത്രക്രിയകൾ നടന്നു. അമ്പതോളം കുഞ്ഞുങ്ങൾ ഇങ്ങനെ ഭൂമിയിലുണ്ടാായി. അതിലേറെയും അമേരിക്കയിലും സ്വീഡനിലുമായിരുന്നു. ടർക്കി, ഇന്ത്യ, ബ്രിസീൽ, ചൈന, ചെക്ക്- റിപ്പബ്ലിക്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും ഇതിനു മുമ്പ് സമാനമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്. 2015ൽ മാത്രമാണ് ബ്രിട്ടീഷ് സർക്കാർ ഇതിന് അനുമതി നൽകിയത്. വർഷങ്ങൾക്കു മുമ്പേ ഗവേഷണങ്ങൾ പൂർത്തിയാക്കി ഡോക്ടർമാർ ശസ്ത്രക്രിയകൾക്ക് തയാറായിരുന്നു എങ്കിലും കോവിഡ് മഹാമാരി ഈ പദ്ധതികളെ വൈകിപ്പിച്ചു. ഇതിനോടകം തന്നെ അഞ്ഞൂറിലധികം പേർ ഗർഭപാത്രം ലഭിക്കാനായി വൂംബ് ട്രാൻസ്പ്ലാന്റ് ചാരിറ്റിയെ സമീപിച്ചിട്ടുണ്ട്.

Advertisement