കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു

കൊച്ചി: പാലാരിവട്ടത്ത് സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. ബസ് ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരുക്കേറ്റു. രണ്ട് ബസുകൾ തമ്മിൽ മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം.

ആലുവ-ഇടക്കൊച്ചി ചേരാനെല്ലൂർ റൂട്ടിലോടുന്ന സാത്വിക് എന്ന ബസാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. ആലുവ-ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന എന്ന ബസും സാത്വിക് ബസും ഏറെ നേരമായി മത്സരയോട്ടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു ബസിനെ മറികടക്കാൻ വലതു വശത്ത് കൂടി അമിതവേഗതയിൽ ബസ് പാഞ്ഞപ്പോൾ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ടുട്ടു, അസ്‌ലം എന്നിവരെ അറസ്റ്റു ചെയ്തു.

Advertisement