യുകെയിലേക്ക് ‘സിയാറാൻ’ കൊടുങ്കാറ്റ് വരുന്നു; ശക്തമായ കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ നിർദേശം

ലണ്ടൻ/എക്‌സീറ്റർ: യുകെയിൽ ബാബെറ്റ് കൊടുങ്കാറ്റ് ഉണ്ടാക്കിയ ദുരിതം മാറും മുമ്പേ അടുത്ത കൊടുങ്കാറ്റ് വരുന്നതായി മുന്നറിയിപ്പ്. വരുന്ന ആഴ്ചയിൽ കാലാവസ്ഥ വീണ്ടും മോശമാക്കി സിയാറാൻ കൊടുങ്കാറ്റ് വീശുമെന്നാണ് എക്‌സീറ്റർ ആസ്ഥാനമായുള്ള യുകെ മെറ്റ് ഓഫിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഇംഗ്ലണ്ടിലും, വെയിൽസിലും ശക്തമായ കാറ്റിന് പുറമെ കനത്ത മഴയും പെയ്യും. കഴിഞ്ഞ ആഴ്ച അരങ്ങേറിയ ശക്തമായ മഴയും, ഇടിമിന്നലും അവസാനിക്കുന്നതിന് മുൻപാണ് അടുത്ത കൊടുങ്കാറ്റ് യുകെ തീരത്തേക്ക് എത്തുന്നത്.

ഇന്ന് വൈകുന്നേരം മുതൽ മഴയും ഇടിമിന്നലും വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച വരെ യുകെയിലെ സതേൺ മേഖലകളിൽ ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. സതേൺ ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് വെയിൽസ്, നോർത്തേൺ അയർലൻഡ്, സെൻഡ്രൽ, നോർത്ത് ഈസ്റ്റ് സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകി.

90 മൈൽ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സതേൺ, വെസ്റ്റേൺ മേഖലകളിൽ 40 മുതൽ 60 എംഎം വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. യെല്ലോ അലർട്ട് നിർദ്ദേശം നിലവിലുള്ളതിനാൽ ചെറിയ തോതിൽ വെള്ളപ്പൊക്കിന് സാധ്യതയുണ്ട്. റോഡുകളിൽ ഡ്രൈവ് ചെയ്യാനുള്ള ബുദ്ധിമുട്ടും നേരിടും. കാലാവസ്ഥ മോശമാകുന്നതിനാൽ 72 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എൻവയോൺമെന്റ് ഏജൻസി പുറപ്പെടുവിച്ചിരിക്കുന്നത്. തീരമേഖലയിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്നത് കണ്ടാൽ ഇതിലൂടെ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണം. സതേൺ, വെസ്റ്റേൺ മേഖലകളിൽ 20 മുതൽ 25 എംഎം വരെ വ്യാപകമായ മഴയാണ് മെറ്റ് ഓഫിസ് പ്രവചിക്കുന്നത്.

Advertisement